ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ശൂരന്‍ എന്നു പേരായ ഒരു നാടുവാഴി വാണിരുന്ന നാടായതുകൊണ്ടാണ് ഈ സ്ഥലത്തിന് ശൂരനാട് എന്നു പേരു വന്നതെന്നാണ് ചരിത്രാംശമുള്ള ഐതിഹ്യം. കടമ്പന്‍ എന്ന മറ്റൊരു നാടുവാഴി വാണിരുന്ന കടമ്പനാടുമായി ശൂരന്‍ ശത്രുതയിലായിരുന്നുവെന്നുംഇവര്‍ തമ്മില്‍ ഇടയ്ക്കിടെ യുദ്ധം ഉണ്ടാകുമായിരുന്നുവെന്നുംപോരാളികള്‍ മുന്നേറുകയും പിന്‍വാങ്ങുകയും ചെയ്തിരുന്ന വഴിയാണ് രണ്ടു സ്ഥലങ്ങള്‍ക്കുമിടയിലുള്ള പോരുവഴി എന്നും പ്രധാന ഏറ്റുമുട്ടലുകള്‍ നടന്നിരുന്ന പടക്കളമായിരുന്നു ചക്കുവള്ളി പടനിലമെന്നും യുദ്ധത്തില്‍ മരണമടഞ്ഞ പോരാളികളുടെ മൃതദേഹങ്ങള്‍ കൂട്ടിയിടുകയോ സംസ്കരിക്കുകയോ ചെയ്തിരുന്ന സ്ഥലമായിരുന്നു സമീപത്തുള്ള മയ്യത്തുംകരയെന്നും യോദ്ധാക്കള്‍ തയ്യാറെടുക്കുന്ന താവളങ്ങളായിരുന്നു ശൂരനാട്ടും പോരുവഴിയിലും ഇട്ടുകെട്ടുംവിള എന്ന ഒരേ പേരിലുള്ള പുരയിടങ്ങളെന്നും ഈ ഐതിഹ്യം പറയുന്നു. തിരുവിതാംകൂറിലെ ചില ചരിത്രസംഭവങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു പശ്ചാത്തലം ഈ ഗ്രാമത്തിനുണ്ട്. പുരാണപ്രസിദ്ധമായ മൈനാഗം പള്ളികൊള്ളുന്ന മൈനാഗപ്പള്ളിയുംകറുത്ത നാഗത്തിന്റെ ആസ്ഥാനമായ കരുനാഗപ്പള്ളിയും തെക്കും പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളാണ്. വേട്ടയ്ക്കൊരു മകനായ അയ്യപ്പന്റെ അഞ്ചു പ്രധാനക്ഷേത്രങ്ങളിലൊന്നായ ശാസ്താംകോട്ട ക്ഷേത്രം തെക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. ഒരു വലിയ യുദ്ധപാരമ്പര്യത്തിന്റെ ഓര്‍മ്മകളുമായി പ്രസിദ്ധമായ പോരുവഴി പടനിലം കിഴക്കുണ്ട്. ഒരിയ്ക്കലും വറ്റാത്ത ഉറവയുമായി പത്തനാപുരം പാടങ്ങളിലെ നീരൊഴുക്കുകളില്‍ നിന്ന് ഉയിരുള്‍ക്കൊണ്ടുകൊണ്ട് പള്ളിക്കലാര്‍ വടക്കുകൂടി ഒഴുകി പടിഞ്ഞാറെത്തി അറബിക്കടലില്‍ പതിക്കുന്നു. പര്‍വ്വതസന്തതി അല്ലാത്ത കേരളത്തിലെ ഒരേയൊരു ആറാണ് പള്ളിക്കലാറ് എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. കുട്ടനാട്ടിലെ ഗ്രാമങ്ങളിലേക്ക് ഇഷ്ടികയും കപ്പയും ചേനയും കിഴങ്ങും മറ്റും കൊണ്ടുപോയി പകരമായി ചാരവും ചാണകപ്പൊടിയുമായി തിരികെയെത്തുന്ന കെട്ടുവള്ളങ്ങള്‍ക്ക് വിശ്രമിക്കാവുന്ന മാലുമേല്‍ക്കടവ് ഈ നാട്ടിലെ കൃഷിയുടെയും വിളവിന്റേയും വ്യാപാരസഹായിയായി നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നു. വാഹനഗതാഗതം അധികമില്ലാത്ത കാലത്ത് കൊല്ലത്തുനിന്നും ചരക്കുകള്‍ ഈ നാട്ടിലെത്തിച്ചുക്കൊണ്ടിരുന്ന ഉള്‍നാടന്‍ ജലപാതയാണ് കന്നേറ്റി മുതല്‍ മാലുമേല്‍ക്കടവ് വരെയുള്ള ജലപാത. ചരിത്രപരമായി ശൂരനാട് കായംകുളം രാജ്യത്തിന്റെ ഭാഗമായിരുന്നു. തെക്കുഭാഗത്ത് ദേശിങ്ങനാടും ദേവനാരായണസ്ഥാനീയരായ അമ്പലപ്പുഴ രാജാക്കന്മാരുടെ അമ്പലപ്പുഴ രാജ്യം വടക്കുഭാഗത്തും അയിരൂര്‍ രാജാക്കന്മാരുടെ ആസ്ഥാനമായ പന്തളം രാജ്യം കിഴക്കും പടിഞ്ഞാറ് അറബിക്കടല്‍ അതിരായുമുള്ള ഒരു രാജ്യമായിരുന്നു കായംകുളം. എട്ടുദിക്കിലും എട്ടു പടനിലങ്ങളും പതിനെട്ടു കളരികളും കളരിദേവതകളും തന്ത്രപ്രധാനങ്ങളായ ഭാഗങ്ങളില്‍ കിടങ്ങുകളും പോരാളികള്‍ക്ക് തമ്പടിക്കാന്‍ കോട്ടകളുമുള്ള ഒരു സൈനികവിന്യാസരീതിയായിരുന്നു കായംകുളം രാജ്യത്തിനുണ്ടായിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു. അതില്‍ ഏറ്റവും പ്രധാനമായ ഒരു കിടങ്ങ് കുമരംചിറയിലുണ്ടായിരുന്നു. അതാണ് കിടങ്ങേയം എന്ന പേരിനടിസ്ഥാനം. പഴയ ഒരു കെട്ടിടത്തിന്റെ അവശിഷ്ടം കോയിക്കല്‍ ഭാഗത്ത് ഇന്നും കാണാം. ആയിരാജാക്കന്മാരുടെ പേരുമായി ബന്ധപ്പെട്ട ആയിക്കുന്നം ഈ ഗ്രാമത്തിന്റെ തെക്കുകിഴക്ക് സ്ഥിതിചെയ്യുന്നു. കാരൂര്‍ക്കടവിന് പടിഞ്ഞാറുള്ള നെല്ലുവയല്‍കോട്ടതെക്കുള്ള ശാസ്താംകോട്ടപോരുവഴിക്ക് കിഴക്കുള്ള കോട്ട എന്നിവയുടെ ചരിത്രാംശങ്ങള്‍ ഈ പ്രദേശത്തിന്റെ പണ്ടത്തെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ടതാണ്. നാലുകെട്ടുകളും നടുമുറ്റവുമുള്ള പഴയ നായര്‍തറവാടുകള്‍ ഈ നാട്ടില്‍ ധാരാളമുണ്ട്. നായര്‍ വിഭാഗങ്ങളോളം പ്രാമുഖ്യമുള്ള ഈഴവ തറവാടുകള്‍ ഈ ഗ്രാമത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. കുമരഞ്ചിറ ക്ഷേത്രമാണ് ഈ നാടിന്റെ സിരാകേന്ദ്രത്ത് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു പ്രധാന ക്ഷേത്രം. ലൈബ്രറികളുടെ കാര്യത്തില്‍ സമ്പന്നമാണ് ശൂരനാട് തെക്ക്. വായനശാലമുക്ക് എന്ന സ്ഥലനാമം തന്നെ 1948-ല്‍ അവിടെ സ്ഥാപിതമായ വായനശാലയില്‍ നിന്നുമുണ്ടായതാണ്. തെക്കന്‍ കേരളത്തിലെ കലാരൂപമായ വില്‍പ്പാട്ട് 1960-കളില്‍ ഇവിടെ വളരെ ആകര്‍ഷകമായ രീതിയില്‍ അരങ്ങേറ്റപ്പെട്ട ഒരു കലാരൂപമാണ്. ഈ പഞ്ചായത്തില്‍ ആയിക്കുന്നത്ത് മാത്രം രൂപംകൊണ്ട ഈ കലാരൂപം ഇന്ന് അന്യംനിന്നുപോയിരിക്കുന്നു. 1955-60 കാലഘട്ടത്തില്‍ തുടങ്ങിയ കാക്കാരിശ്ശി നാടക സംഘം ഇവിടെ ഉണ്ടായിരുന്നു. ഇഞ്ചക്കാട് പാച്ചന്‍പിള്ള ആശാനാണ് അതിന്റെ തുടക്കക്കാരന്‍. കഥകളിനടന്‍ ഇഞ്ചക്കാട് രാമചന്ദ്രന്‍പിള്ള ശാസ്താംകോട്ട ബാലകൃഷ്ണന്‍ എന്നിവര്‍ ഈ നാടിന്റെ സംഭാവനകളാണ്. മലയാളഭാഷയുടെ കുലഗുരുവെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ലക്സിക്കണ്‍ എഡിറ്ററും ബഹുഭാഷാപണ്ഡിതനും ചരിത്രഗവേഷകനും സാഹിത്യകാരനും പത്മഭൂഷണ്‍പ്രഥമ തുഞ്ചത്ത് എഴുത്തച്ഛന്‍ സ്മാരകപുരസ്കാരം തുടങ്ങിയ ബഹുമതികള്‍ നേടിയിട്ടുള്ള അതുല്യപ്രതിഭയുമായ ശൂരനാട്ടു കുഞ്ഞന്‍പിള്ളയുടെ നാമധേയത്തിലൂടെയാണ് ഈ ഗ്രാമം പുറംലോകത്ത് ആദ്യമായി അറിയപ്പെടുന്നത്. സ്വാതന്ത്ര്യാനന്തര കാലത്ത് 1952-ല്‍ മുടിയില്‍ത്തറ വി.ഭാസ്കരന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ജനാധിപത്യ സംഘടനയാണ് ഈ നാട്ടില്‍ രൂപമെടുത്ത ആദ്യത്തെ കര്‍ഷകസംഘടന. 1879-നും 1884-നും ഇടയില്‍ സ്ഥാപിക്കപ്പെട്ട ഇന്നത്തെ കുമരംചിറ യു.പി.എസ് ആണ് പ്രദേശത്തെ ആദ്യ സ്കൂള്‍. ഇന്നിപ്പോള്‍ പഞ്ചായത്തില്‍ മാത്രം ശാന്തിനികേതന്‍ ഹൈസ്കൂളുംമൂന്നു യു.പി സ്കൂളുകള്‍ ഉള്‍‍പ്പെടെ 8 മറ്റു സ്കൂളുകളുമുണ്ട്